Tuesday, March 24, 2009

വിലപിക്കുന്ന അവശ കഥാപാത്രങ്ങള്‍...

മെഹഫിലില്‍ നിന്നുയരുന്ന ഖവാലിയുടെ താളം ദ്രുത ഗതിയിലായിരിക്കുന്നു.

അതോടൊപ്പം അവനും ചരസിന്റെ പുക പടര്‍ത്തിനെ ആഞ്ഞ്‌ വലിച്ച്‌ ആത്മാവിലേക്കാവാഹിച്ചു.സംഗീതജ്ഞന്റെ സ്വരം വീണ്ടുമുയരുന്നു.. താളം മുറുകുന്നു. തന്റെ ശരീരത്തിന്റെ ഭാരം മുറുകുന്ന താളത്തോടൊപ്പം അലിഞ്ഞില്ലാതാവുന്നതായി അവനറിഞ്ഞു.പിന്നെ ഒരു തൂവലിനെ പോലെ ആകാശത്തേക്ക്‌ ഉയര്‍ന്ന്... പറന്ന്...അങ്ങനെ.........

തിരക്കേറിയ ഗ്വോളിയോര്‍ നഗരത്തിന്റെ ഏതോ ആളൊഴിഞ്ഞ ഇടവഴിയിലിരുന്ന് ഗോവര്‍ദ്ധന്‍ നിശ്വസിച്ചു.ഇപ്പോള്‍ നാദവും താളവും നിലച്ചിരിക്കുന്നു.ഖുരാനയുടേയും രാഗത്തിന്റെയും ഭാവം മറഞ്ഞിരിക്കുന്നു., മെഹഫിലുകളില്‍ ആളൊഴിഞ്ഞിരിക്കുന്നു.

ഈെ നിശബ്ദത ജഡ പിടിച്ച ഇരുട്ടിന്റെ ഏകാന്തതയില്‍ തന്റെ ശരീര ഭാരം വീണ്ടും വര്‍ദ്ധിക്കുന്നതായി അവനറിഞ്ഞു.ആത്മാവ്‌ അതിന്റെ യാത്ര കഴിഞ്ഞ്‌ മടങ്ങിയെത്തിയിരിക്കുന്നു.ക്രൂശിക്കാനുണ്ടായ നാലാമത്തെ ആണി പിറകെ കൂടി ഗതി കിട്ടാതെ അലയുന്ന ജിപ്സിയെപ്പോലെ എന്നും അലയാന്‍ വിധിക്കപ്പെട്ടവാനായിരുന്നല്ലോ താനും.എത്ര തെരുവീഥികളിലൂടെ എന്തെല്ലാം കണ്ട്‌, അറിഞ്ഞ്‌, എന്നാല്‍ ഒന്നും അറിയാതെ അവസാനം താന്‍സന്റെ സ്വരം ഇന്നും മുഴങ്ങുന്ന ഗ്വോളിയൊറിന്റെ ഈ ഇരുണ്ട തെരുവില്‍ നിശ്ചേഷ്‌ഠനായി ഇങ്ങനെ.....പക്ഷേ അവസാനിക്കാത്ത യാത്ര ശരീരത്തില്‍ നിന്നിപ്പോള്‍ അത്മാവേറ്റെടുത്തിരിക്കുന്നു.

ഞാനവന്‍ തന്നെ, മറക്കാനിടയില്ല,

അലച്ചിലിനിടയില്‍ അന്ധേര്‍ നഗരിയിലെത്തി. തൂക്കു മരത്തില്‍ നിന്നു "മംഹതി"നാല്‍ രക്ഷിക്കപ്പെട്ട 'ഭാരതേന്ദു ഹരിശ്ചന്ദ്ര"യുടെ ഗോവര്‍ദ്ധന്‍. അന്നു തുടങ്ങിയ യാത്രയായിരുന്നു. ഒരിക്കലും അവസനിക്കാതെ, മോശയുടെ വാക്കുകളിലെ "ഗര്‍ഷോം".പിന്നെ ആനന്ദായിരുന്നു ചലിപ്പിച്ചത്‌, ദീര്‍ഘ ദൂരം യാത്ര ചെയ്യിച്ച്‌ അദ്ദേഹവും കയ്യൊഴിഞ്ഞു.ഇനി ഈ ഖുരാനകളുടെ തെരുവീഥികളില്‍ അനാഥനായി.അവസാനിക്കാത്ത യാത്രയിലേക്ക്‌ ആത്മാവിനെ പുറത്തു വിട്ട്‌....ഗോവര്‍ദ്ധന്‍ ഗാഢമായൊന്നു നിശ്വസിച്ച്‌ വീണ്ടു ചരസ്സ്‌ ആഞ്ഞു വലിച്ചു. അതോടൊപ്പം ഓര്‍മകള്‍ വീണ്ടും തെളിഞ്ഞു.എത്ര യാത്രകള്‍ ഇരുട്ടിന്റെ നഗരിയില്‍ നിന്ന് ദൈവത്തിന്റെ നാട്ടിലേക്ക്‌,,ഭാരതേന്ദുവിന്റെ വികാരങ്ങളും സംഘര്‍ഷങ്ങളും പിന്നെ ആനന്ദിന്റെ പിരിമുറുക്കങ്ങളും ഏറ്റു വാങ്ങി...പാതി വഴിയില്‍ അനന്തയാത്രക്ക്‌ വിട്ട്‌ എല്ലവരും കയ്യൊഴിഞ്ഞു....

അനന്തമായ യാത്ര. കഥാപാത്രങ്ങളെന്നും ചരസ്സ്‌ നിറജ്ജ ബീഡിയെപ്പോലെ തെരുവിധികളിലേക്ക്‌ വലിച്ചെറിയുന്നവരല്ലോ....കഥാകാരന്റെ സംഘര്‍ഷങ്ങക്കും പിരിമുറുക്കങ്ങളും ഏല്‍ക്കാന്‍ വിധിപ്പെട്ടവര്‍...

എത്ര പേരെ കണ്ടു.ഇന്നിന്റെ ദുഖങ്ങളെല്ലാം തന്നിലേക്കാവാഹിച്ച ഗോവിന്ദന്‍ നായരും, അദ്ദുവും പിന്നെ വെറും മനുഷ്യനുമായ അസുരവിത്ത്‌.ഖസാക്കില്‍ നിന്ന് പറഞ്ഞു വിട്ട രവി.ഇന്ന് പരിദേവനങ്ങളുമായി കഴിയുന്ന ഗീവര്‍ഗീസാച്ചനെ.അങ്ങനെയെത്രപേര്‍. തന്റെ നിയോഗം ഒന്നും കേള്‍ക്കാതെ അറിയാതെയുള്ള യാത്രയായത്‌ എത്ര ഭാഗ്യം..ളൊഹയിലെ നിയമങ്ങളെ മാറ്റിയെറിഞ്ഞ്‌ സ്ത്രീയുടെ മാനം രക്ഷിച്ചവന്‌ മുന്‍പില്‍ കിടന്ന് പിടയുന്നവളെ നോക്കി വിലപിക്കാനാവാതെ ഒന്നിനുമാവുന്നില്ലല്ലോ?

ഈ അവശ കഥാപാത്രങ്ങളെ മരിക്കാന്‍ പോലും വിടാതെ എങ്ങനെ പിടഞ്ഞു ജീവിക്കാന്‍ വിടുന്നതെന്തിന്‌..

കത്തി തീരാറായ ചരസ്സിന്റെ അവസാന പുകയും ആത്മാവിലേക്കാവാഹിച്ചു ഗോവര്‍ദ്ധന്‍ അപ്പോള്‍ അകലെ നദീ തീരത്തെ അഘോരികളുടെ അവതാളത്തിന്റെ താളം കേള്‍ക്കാറായി..കണ്‍ മുന്നില്‍ പരശ്ശതം അഘോരികല്‍ നഗ്ന നൃത്തം തുടങ്ങി..ഗോവര്‍ദ്ധന്റെ ജട വളരുന്നു. ശരീരത്തില്‍ ചാരം പുര്‍ണ്ടു..അഘോരികളുടെ താളത്തിനൊത്ത്‌ ഗോവര്‍ദ്ധനും .അഘോരികളിലൊന്നായി....



എഴുതിയത്‌: ശെഫി

Saturday, March 21, 2009

അപൂര്‍ണ്ണ ദര്‍ശനം - 2

യൂണിവേഴ്‌സിറ്റി Language Block ന്റെ മൂന്നു കവാടങളിലൊന്നില്‍ സഹപാഠികള്‍ തമ്മിലുള്ള സംഭാഷണം സന്ദര്‍ഭവശാല്‍ കേള്‍ക്കേണ്ടി വന്നു.
യുവതി: “ഞാന്‍ ചിരിക്കുമ്പോള്‍ എത്ര വേദനിക്കുമെന്ന്‌ നിനക്കറിയാമോ?”
ആരാണിത്ര പരസ്യമായി Romantic ആവുന്നതെന്നറിയാന്‍ മാത്രം സൂക്ഷിച്ചു നോക്കിയപ്പോള്‍, യുവതി പല്ലില്‍ കമ്പിട്ടിരിക്കയാണ് (പല്ലു വളക്കാനോ?, കമ്പി വളക്കാനോ?!)

കഷ്‌ണം: ചിരിയും വേദന അതോ ചിരിക്കും വേദനയോ?

എഴുതിയത്‌: എ.ബി. പഴഞ്ഞി

Friday, March 20, 2009

അന്‍സാര്‍ അലൂമി

അന്‍സാര്‍ അലൂമി യു.എ.ഈ ചാപ്റ്ററിന്റെ ഔപചാരികമായ ഉദ്‌ഘാടനവും എഞ്ചിനീറിംങ്‌ കോളേജിന്റെ നിര്‍മ്മാണവുമായി ബന്‍ഡപെട്ട വിഷയ അവതരണവും ദുബായ്‌ കറാമ അറ്റ്‌ലസ്‌ ഇന്‍സ്റ്റിറ്റൂട്ടില്‍ വെച്ചു നടന്നു. അന്‍സാര്‍ ചെയര്‍മാനും, വൈസ്‌ ചെയര്‍മാനും പങ്കെടുത്ത പരിപാടിയില്‍ നൂറോളം വരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഒരു കാലഘട്ടത്തില്‍ അന്‍സാറിന്റെ ഹ്ര്‌ദയമിടിപ്പായിരുന്ന പൂര്‍വ്വ അദ്യാപകരെയും കൊണ്ട്‌ പരിപാടി സംഘാടകരുടെ പ്രതീക്ഷക്കപ്പുറത്തായിരുന്നു എന്നുള്ളതില്‍ സംശയമില്ല. വൈകീട്ട്‌ നാല് മണിക്ക്‌ തുടങിയ പരിപാടികള്‍ ഏഴ്‌ മണിയോടെ അവസാനിച്ചു.

“എന്റെ കോഴിമുട്ട
കട്ടു തിന്നവനേയും
എനിക്ക്‌ വേണ്ടി
പള്ളിയില്‍
ആദ്യ സഫ്ഫ്‌
പിടിച്ചവനേയും
കണക്ക്‌ പുസ്തകത്തിന്റെ
പുറം ചട്ടക്കുള്ളില്‍
ആദ്യ പ്രണയത്തെ
വരച്ചിട്ടവനേയും
കണ്ട്‌ നിന്ന്‌ നിന്ന്‌“
..............................(അടുത്ത പോസ്റ്റില്‍)

Saturday, March 7, 2009

അപൂര്‍ണ്ണ ദര്‍ശനം - 1

റെയില്‍‌വെ സ്റ്റേഷനു മുന്നിലൂടെ ബസ്സ്‌ ടൌണ്‍ ബസ്സിനേയും മറി കടന്നുനിന്നു. സെക്കന്റുകളോളം മാത്രം. രണ്ടു മൂന്നാളുകളിറങി. അതില്‍ ഒരു സ്ത്രീയും. റയില്‍വെ സ്റ്റേഷന്‍ കോമ്പൊണ്ടിന്റെ വെളിയിലുള്ള ഇരുമ്പ്‌ റയിലിന്റെ വശത്ത്‌ ഒരു മധ്യവയസ്‌കന്‍ നില്‍ക്കുന്നു. കയ്യില്‍ കറുത്ത പോളിത്തീന്‍ ബാഗില്‍ നിറയെ പച്ചക്കറികളും മറ്റു സാധനങളും. വെറുപ്പെന്ന വികാരം മുഖമാകെ പരന്നു നില്‍ക്കുന്നു. സാമാന്യം കട്ടിയുള്ള മീശ. പുരികം പരമാവധി താഴ്‌ത്തി കണ്ണു പുറത്തേക്കു കാണുന്നുണ്ടോ ഇല്ലയോ എന്നവസ്ഥ.

ബസ്സില്‍ നിന്നും ഇറങിയ സ്ത്രീ രണ്ടു മീറ്ററകലത്തില്‍ നിന്നും ഒരു ചോദ്യമെറിഞ്ഞു.
“എന്റെ കൂടെ പോരാമോ?”
പു: (സഞ്ചി കാണിച്ച്‌) “ഞാനിതൊക്കെ വാങിയിരിക്കുകയാണ്. എങനെയിതുമായി വരും?”
സ്ത്രീ: “ഞാന്‍ ചൊല്ലിയയച്ചിരുന്നുവല്ലോ.” ദേഷ്യവും സങ്കടവും കലര്‍ന്ന ഭാവത്തില്‍, പ്രതീക്ഷക്കു വകയില്ലാതെ, ഹാവഭാവങളൊന്നും മറച്ചു വെക്കാനാവാതെ തല താഴ്‌ത്തി നിന്നു. (ആത്മഗതം) ഭാര്യാഭര്‍ത്താക്കന്‍‌മാരായിരിക്കാം. (പിണങി നില്‍ക്കുന്നു- അമ്മായിപ്പോര്!)

അവളുടെ വീടുവരെ ചെല്ലാന്‍ വിളിച്ചതായിരിക്കാം. (വില കൂടിയ സാരി വാങിക്കുന്നതില്‍ ഭര്‍ത്താവിനുള്ള അമര്‍ഷം തലേദിവസം പ്രകടിപ്പിച്ചിരിക്കാം.)
ബസ്സുനീങി. പലനിറങളില്‍ ഒരു മിറമായ്‌ മാറിയ സ്ത്രീയും അവരുടെ പ്രശ്‌നങളും.

എഴുതിയത്‌: എ.ബി. പഴഞ്ഞി